തൃശൂർ: തൃശ്ശൂരിൽ മത്സര ഓട്ടം(car race) നടത്തിയ കാറിടിച്ച് പരിക്കേറ്റ 4 പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കർ (ravisankar)മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്സി കാറിലിടിച്ചത്. . റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ. ഥാർ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു.
മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
തൃശൂരിൽ ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ്, കെഎസ്ആർടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.