കോട്ടയം : കോട്ടയം കോടിമത നാലു വരിപ്പാതയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിനെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവാക്കുളം ചുളക്കവല തുണ്ടിപ്പറമ്പിൽ മുജീബിനെ (28) യാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോടിമതയിൽ വിൻസർ കാസ്റ്റിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം ഉണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിന് മറുവശത്തേക്ക് തെറിച്ചു. അമിതവേഗത്തിൽ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ മുന്നിൽ പോയിരുന്നു ബൈക്കിൽ ഇടിച്ചു തെറിപ്പിച്ച ശേഷം ഡിവൈഡർ മറികടന്ന് റോഡിൻറെ എതിർവശത്ത് എത്തി.
ബൈക്ക് യാത്രക്കാരനായ മുജീബിനെ ബൈക്കടക്കം ഡിവൈഡർ മധ്യഭാഗത്തേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ മുജീബിനെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. അപകടത്തെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയതോടെ നാലുവരിപ്പാത ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ചിങ്ങവനം പൊലീസും പൊലീസ് കൺട്രോൾ റൂം വാഹനവും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കാർ യാത്രക്കാരുടെ അമിതവേഗതയാണ് അപകടകാരണമെന്ന് കണക്കുകൂട്ടുന്നത്.
കോട്ടയം നഗരത്തിലെ കച്ചവടക്കാരനായ മുജീബ് വൈകിട്ടുവരെ വീട്ടിൽ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. വിൻസർ കാസിൽ ഹോട്ടലിന്റെ മുന്നിൽ നിന്നും 10 മീറ്ററോളം ദൂരം ബൈക്ക് യാത്രക്കാരനെ കാർ വലിച്ചു നീക്കിയതായി അപകടസ്ഥലത്തു നിന്നും വ്യക്തമായിട്ടുണ്ട്.