ലൈംഗികേച്ഛയോടെ കുഞ്ഞുങ്ങളെ തൊട്ടാല്‍ വധശിക്ഷ! ബലാത്സംഗത്തിന് ലിംഗഛേദം; ചരിത്ര നിയമവുമായി നൈജീരിയന്‍ സംസ്ഥാനം
ബലാത്സംഗം ചെയ്താല്‍ ലിംഗഛേദം, ബാല ബലാത്സംഗത്തിന് വധശിക്ഷ. ലൈംഗികാതിക്രമം കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ നൈജീരിയയിലെ ഒരു സംസ്ഥാനമാണ് ചരിത്ര നിയമം പാസ്സാക്കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ഒരു നിയമം നിര്‍മിച്ചിരിക്കുന്നത് കടുന എന്ന സംസ്ഥാനമാണ്. ഈ ആഴ്ച പാസ്സാക്കിയ നിയമം ബലാത്സംഗം സംശയാതീതമായി തെളിയിക്കപ്പെടുന്ന കേസുകളില്‍ നടപ്പാക്കും. ബലാത്സംഗ വീരന്മാരുടെ ലിംഗവും വൃഷണവും ഛേദിച്ചു കളയാനാണ് പുതിയ നിയമം അനുശാസിക്കുന്നത്.
14 വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. ബലാത്സംഗകേസില്‍ പ്രതി സ്ത്രീയാണെങ്കില്‍ അവരുടെ ഫാലോപ്പിയന്‍ നാളികള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും. നരാധമന്മാരില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കടുത്ത നിയമങ്ങള്‍ നിര്‍മിക്കാതെ തരമില്ലെന്ന് കടുന ഗവര്‍ണര്‍, നാസിര്‍ അഹമ്മദ് എല്‍-രുഫായിപറഞ്ഞു.
നൈജീരിയയില്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 800 ബലാത്സംഗങ്ങളായിരുന്നു. ബലാത്സംഗത്തിന് വധശിക്ഷ നല്‍കിയാല്‍ അതിനു മുതിരുന്നവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. അതേസമയം ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന വിമര്‍ശനവും ശക്തമാണ്. ബലാത്സംഗത്തിന് ശേഷം ഇരയെ വിട്ടയച്ചാല്‍ കുറ്റം ചെയ്യുന്നയാള്‍ക്ക് വധശിക്ഷയ്ക്ക് ഇരയാകുമെന്ന ഭയം ചിലപ്പോള്‍ പരാതിപ്പെടാന്‍ പോലും സാഹചര്യം ഒരുക്കാതെ കൊലപാതകത്തിലേക്ക് നയിക്കാനിടയുണ്ടെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ബലാത്സംഗ കേസില്‍ കുറ്റവാളി ശിക്ഷിക്കപ്പെടാന്‍ സമൂഹത്തില്‍ നിന്നും, കുറ്റത്തിന് ഇരയാകുന്നവരുടെ ബന്ധുക്കളില്‍ നിന്നുമെല്ലാം കടുത്ത സമ്മര്‍ദ്ദം ജുഡീഷ്യറിയുടെ മേല്‍ വീഴാനും കാരണമാകും. ബലാത്സംഗത്തിന് വധശിക്ഷയും ഷണ്ഡീകരണവും പോലുള്ള കടുത്ത ശിക്ഷകള്‍ തന്നെയാണ് വേണ്ടതെന്ന് കരുതുന്ന നാട്ടുകാരും കുറവല്ല.
ദിവസം 100 ല്‍ താഴെ കണക്കില്‍ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇന്ത്യയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കിട്ടാവുന്ന പരമാവധിശിക്ഷ ജീവപര്യന്തം തടവാണ്. ഇര കൊല്ലപ്പെട്ട, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ. നൈജീരിയയ്ക്ക് പുറമേ ചൈനയിലും ബലാത്സംഗത്തിന് കഠിനശിക്ഷയായ മരണദണ്ഡനയാണ് നല്‍കുന്നത്. വധശിക്ഷ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് ലോകം മുഴുവന്‍ ശക്തമായ പ്രതിഷേധമുണ്ട്.