തിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം 60,000 ത്തോളം കാന്‍സര്‍ രോഗികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നു മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കും. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്”കൂടെ പ്രവര്‍ത്തിക്കും’ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ് കാണുന്നതെന്നും അവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ്് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ പതിപ്പിച്ചു വരുന്നു. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.