തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പിയ്ക്ക് വിധേയയാകേണ്ടി വന്ന രജനിയുടെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കം ഉണ്ടായെന്നും ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ആശുപത്രിയിലെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ട ശേഷം മാത്രമേ ഡോക്ടര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നിരന്തരമായി പ്രശ്നങ്ങളുണ്ടെന്ന് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സിഎംസി ക്യാന്‍സര്‍ സെന്റര്‍ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിയ്ക്ക് ക്യാന്‍സറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡോ.സുരേഷ് കുമാര്‍ കീമോ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.