കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി; മെഡിക്കല്‍ കേളേജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു
കോട്ടയം: കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും സി.എം.സി സ്‌കാനിംഗ് സെന്ററിനും എതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരമാണ് കുടശനാട് സ്വദേശി രജനിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്‍ എന്നിവര്‍ക്കെതിരെയുമാണ് ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രജനി ഇന്ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവുമായി ബന്ധപ്പെട് മുഖ്യമന്ത്രിക്കു തിങ്കളാഴ്ച പരാതി നല്‍കാനൊരുങ്ങുകയാണ് രജനി.
കാന്‍സറില്ലാത്ത യുവതിക്ക് കാന്‍സര്‍ ചികിത്സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കോട്ടയം മെഡിക്കാല്‍ കോളേജില്‍ കാന്‍ന്‍സര്‍ ചികിത്സ നല്‍കിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.