NationalNews

സ്വപ്ന ഭൂമി ഉപേക്ഷിച്ച് കുടിയേറ്റക്കാർ, കാനഡയിൽ നിന്നും ഇന്ത്യക്കാർ അടക്കം മടങ്ങുന്നു; കാരണമിതാണ്

ഒട്ടാവ:ഇന്ത്യക്കാരുടെ സ്വപ്ന ഭൂമിയാണ് കാനഡ. പ്രതിവർഷം ആയിരക്കണക്കിന് പേരാണ് കാനഡയിലേക്ക് കുടിയേറുന്നത്. എന്നാൽ കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാർ അടക്കമുള്ളവരിൽ പലരും കുടിയേറ്റം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

1982 നും 2017 നും ഇടയിൽ കാനഡയിലെത്തിയ കുടിയേറ്റക്കാരിൽ 17.5 ശതമാനം പേരും കുടിയേറ്റം അവസാനിപ്പിച്ച് മടങ്ങിയെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് എത്തി മൂന്ന് മുതൽ ഏഴ് വർഷം വരെ കഴിയുമ്പോഴാണ് പലരും തിരികെ മടങ്ങുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നത്. തൊഴിലും ജീവിതമാർഗവും കണ്ടെത്തി കാനഡയുമായി പൊരുത്തപ്പെടാനുള്ള ഒരു സമയമായിരിക്കാം ഈ കാലഘട്ടം. ചിലർ കൂടുതൽ കാലം തുടരേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിയവരും കാണാം’, പഠനത്തിൽ പറയുന്നു.

തായ്‌വാൻ, യുഎസ്, ഫ്രാൻസ്, ഹോങ്കോംഗ് അല്ലെങ്കിൽ ലെബനൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കാനഡയിൽ നിന്നും പ്രധാനമായും മടങ്ങുന്നത്. അതേസമയം ഇന്ത്യക്കാർ കുടിയേറ്റം അവസാനിപ്പിക്കുന്നത് കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 2017 വരെ മാത്രമുള്ള കണക്കുകളാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തിടെ ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും ഈയിടെയായി നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനോ മറ്റ് രാജ്യങ്ങളിലേക്ക് മാറാനോ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഉയർന്ന ജീവിതച്ചെലവാണ് ഇതിന് കാരണം എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതികവിദ്യ, ധനകാര്യം തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള മേഖലകളിൽ നിന്നുള്ളവരാണ് മടങ്ങുന്നവരിൽ കൂടുതലും. കുറഞ്ഞ അവസരങ്ങൾ, കുറഞ്ഞ വേതനം, ഉയർന്ന നികുതികൾ, ഭവനചെലവ് എന്നിവയാണ് ഇവരെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നത്. അതേസമയം ലോജിസ്റ്റിക്‌സ്, ട്രേഡുകൾ, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർ കൂടുതൽ കാലം രാജ്യത്ത് തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുതായി എത്തുന്നവരാണ് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതെന്നും മികച്ച അവസരങ്ങൾ തേടിയാണ് പലരും കാനഡയെ ഉപേക്ഷിക്കുന്നതെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പും കാനഡയിലെ കോൺഫറൻസ് ബോർഡും കഴിഞ്ഞ വർഷം നടത്തിയ മറ്റൊരു പഠനം വ്യക്തമാക്കുന്നുത്. ജനസംഖ്യ വർധിപ്പിക്കുന്നതിനും നികുതി അടിത്തറ വർധിപ്പിക്കുന്നതിനും കുടിയേറ്റത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ പുതിയ കണക്കുകൾ കാനഡയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button