കൊല്ലം: കൊല്ലത്ത് എസ്എഫ്‌ഐയുടെ കരിങ്കോടി പ്രതിഷേധത്തിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിനാടകീയ നീക്കങ്ങൾ. ഗവർണർ കടന്നു പോകുന്ന വഴിയിൽ കരിങ്കൊടിയും ബാനറുകളും ഉയത്തിയ എസ്.എഫ്.ഐ. പ്രവർത്തകർക്ക് മുമ്പിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു. പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കാതെ പോകില്ല എന്ന ഉറച്ച നിലപാടിലാണ് ഗവർണർ.
തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവർണർ ആവശ്യപ്പെട്ടു. പോലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പോലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പോലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവർണർ ആരോപിക്കുന്നത്.
‘മോഹൻ, അമിത് ഷായോട് സംസാരിക്കു. പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്കണം. ഞാൻ ഇവിടെ നിന്ന് പോകില്ല. പോലീസാണ് സംരക്ഷണത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. പോലീസാണ് സംരക്ഷണം ഒരുക്കുന്നത്. പോലീസ് തന്നെ നിയമം ലംഘിച്ചാൽ ആരാണ് നിയമം സംരക്ഷിക്കുന്നത്’- ഗവർണർ പോലീസിനു നേരെ ആക്രോശിച്ചു.
സംസാരിച്ച് അദ്ദേത്തെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും പോലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.