തിരുവനന്തപുരം:സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.വാര്‍ത്താക്കുറിപ്പിലാണ് വിശദീകരണം.
പൂര്‍ണ്ണരൂപമിങ്ങനെ
കേരളത്തിലെ ജനറല്‍-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപ്പോര്‍ട്ടാണ് (2019-ലെ റിപ്പോര്‍ട്ട് നമ്പര്‍ 4) ഫെബ്രുവരി 12-ന് നിയമസഭയില്‍ സമര്‍പ്പിച്ചത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടു സര്‍ക്കാരുകളുടെ കാലത്തു നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്.
പോലീസ്, ഭവന നിര്‍മാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ട് നമ്പര്‍ 4. ഇതില്‍ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ ചിലര്‍ വിവാദമാക്കുന്നത്.
സി.എ.ജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സാധാരണഗതിയില്‍ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം സിഎജിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ല.
സി.എ.ജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പോലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.
സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്.
കേരള സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യം, സഹകരണം, മത്സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവന നിര്‍മാണം, തൊഴില്‍ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം എന്നിവ ഉള്‍പ്പെടുന്ന ജനറല്‍, സോഷ്യല്‍ സര്‍വീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനക്ഷമത ഓഡിറ്റിന്റേയും അനുവര്‍ത്തന ഓഡിറ്റിന്റേയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളും ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.