തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോളിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടാവുന്ന പക്ഷം വിവരങ്ങള്‍ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമെ മുറിവുകള്‍ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്രപരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകള്‍, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം, ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം തുടങ്ങിയ മാനദണ്ഡങ്ങളും പ്രോട്ടോക്കോളിന്റെ ഭാഗമായി.
ഇതില്‍ അറസ്റ്റിലായ വ്യക്തിയുടെ സമഗ്രപരിശോധന നടത്തണമെന്ന നിര്‍ദ്ദേശത്തിനോട് ഡോക്ടര്‍മാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമായിരുന്നു കസ്റ്റഡിയിലിരിക്കെ വ്യക്തി പോലീസ് മര്‍ദനത്തിന് ഇരയായിട്ടില്ല എന്ന് തെളിയിക്കുന്ന പരിശോധനകള്‍ മെഡിക്കല്‍ ഓഫീസര്‍ നടത്തണമെന്നത്. ഇതനുസരിച്ച് അറസ്റ്റിലായി മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകുന്ന വ്യക്തിയുടെ വൃക്ക, കരള്‍ തുടങ്ങി ആന്തരാവയങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല എന്ന് കണ്ടെത്താനുള്ള വിശദമായ ദേഹപരിശോധന നടത്തണമെന്ന സര്‍ക്കുലര്‍ 2021 ജൂണ്‍ നാലിന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഇറക്കിയിരുന്നു.
എന്നാല്‍ പിന്നീട് ഈ സര്‍ക്കുലര്‍ റദ്ദാക്കി പുതിയ സര്‍ക്കുലര്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഇറക്കുകയും ചെയ്തു. 2021 ജൂണ്‍ 14നാണ് രണ്ടാമത്തെ സര്‍ക്കുലര്‍ ഇറങ്ങിയത്. മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിക്കുന്ന കസ്റ്റഡിയിലുള്ള ആളിന്റെ സമഗ്രമായ പരിശോധന ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്നാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് മുമ്പ് നിലപാടെടുത്തിരുന്നത്. ഇപ്പോള്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് മന്ത്രിസഭായോഗം പുതിയ മെഡിക്കോ- ലീഗല്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഇപ്രകാരമാണ്.
*നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കണം.
*അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ ലീഗല്‍ പരിശോധനക്കുള്ള അപേക്ഷ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. അവരുടെ അഭാവത്തില്‍ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്‌റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് നല്‍കാം.
*24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോള്‍ ഒ.പി. രോഗികളുടെ ഇടയില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം.
*സ്ത്രീയെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ ഉള്ള വനിതാമെഡിക്കല്‍ ഓഫീസറോ വനിതാമെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലോ വൈദ്യപരിശോധന നടത്തണം. അവരുടെ അഭാവത്തില്‍ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാമെഡിക്കല്‍ ഓഫീസറെ സമീപിക്കാം.
*മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാല്‍ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം.
*പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കില്‍ വിവരങ്ങള്‍ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കല്‍ ഓഫീസര്‍ രേഖപ്പെടുത്തണം.
*നിലവില്‍ അസുഖബാധിതനാണോ, മുന്‍കാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവില്‍ മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ അതും രേഖപ്പെടുത്തണം.
*മുറിവുകള്‍ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്രപരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകള്‍, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം.
*ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തണം.
*ഗുരുതരപരിക്കെങ്കില്‍ ലഭ്യമായ പരിശോധനകള്‍ കാലതാമസം കൂടാതെ നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവ് നല്‍കണം.
*വൈദ്യപരിശോധന, ക്ലിനിക്കല്‍ പരിശോധന എന്നിവ സൗജന്യമായി നല്‍കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ സ്വകാര്യലാബിന്റെ സേവനം തേടാം. തുക എച്ച് എം സി ഫണ്ടില്‍നിന്നോ മറ്റോ കണ്ടെത്തണം.