തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിന് ചട്ടങ്ങള്‍ പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ കേരളം വീണ്ടും നിയമ പോരാട്ടത്തിന്. പൗരത്വ ഭേദഗതി നിയമ ചട്ടം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായി. മുതിര്‍ന്ന അഭിഭാഷകരുമായി അഡ്വക്കേറ്റ്‌സ് ജനറല്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് നിയമമന്ത്രി പി. രാജീവ് അറിയിച്ചു.
നിയമംതന്നെ ഭരണഘടന വിരുദ്ധമാണെന്ന് കേരളം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടും. മുമ്പ് നിയമത്തിനെതിരെ നല്‍കിയ സ്യൂട്ട് ഹര്‍ജിയും ഹർജയിൽ സൂചിപ്പിക്കും. വിഷയത്തില്‍ നിയമനടപടികള്‍ എങ്ങനെ വേണമെന്ന് ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ്‌സ് ജനറല്‍ ഡല്‍ഹിയിലാണുള്ളത്. ഏത് രൂപത്തില്‍ ഹര്‍ജി ആവശ്യപ്പെടണമെന്ന് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും.
മുന്‍പ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയമാനമുള്ളതാണ്. ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പിന്നാലെ പൗരത്വഭേദഗതിക്കെതിരെ മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പം ചട്ടം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.വിഷയത്തില്‍ സിപിഐയും നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.