കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21-നാണ് അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 24ന് ഫലപ്രഖ്യാപനം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം, എറണാകുളം, വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പി.വി.അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബാക്കി നാല് മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അഞ്ച് മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴയില്‍ നിന്നും ലോക്‌സഭയിലേക്ക് എ.എം.ആരിഫ് ജയിച്ചതോടെയാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടൂര്‍ പ്രകാശ് (കോന്നി), ഹൈബി ഈഡന്‍ (എറണാകുളം), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎല്‍എമാര്‍.