കൊച്ചി: ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിൽ ലോകായുക്ത ഇടപെടലിനെതിരായ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. അഴിമതിയും സ്വജന പക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാകരുതെന്നും കോടതി വ്യക്തമാക്കി.
അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടിസ് അയച്ചിരുന്നു. ശൈലജ നേരിട്ടോ വക്കീൽ മുഖാന്തരമോ ഡിസംബർ 8നു ഹാജരാകണം. ഇവരുടെ വാദം കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും.
കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെത്തുടർന്നാണു കേസ് ഫയലിൽ സ്വീകരിച്ചത്.
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന വീണ എസ്.നായരാണു ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി.
മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളിൽ നിന്നു പിപിഇ കിറ്റുകൾ വാങ്ങിയത്. സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.