തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് വര്‍ധന, പുതിയ മദ്യനയം, ലോകായുക്താ ഓര്‍ഡിനന്‍സ് പുതുക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ പരിഗണിച്ച് ഇന്ന് ഇടതുമുന്നണി യോഗം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.
വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. വര്‍ധിച്ച നിരക്ക് നിലവില്‍ വന്നാല്‍ ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമാകും.
അതേസമയം മിനിമം ചാര്‍ജ്ജ് 10 രൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന. ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നിവയെക്കുറിച്ചാരും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.
ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.ലോകായുക്താ ഓര്‍ഡിനനന്‍സ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓര്‍ഡിനനന്‍സിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനയ്ക്ക് എത്തുന്നത്.