തിരുവനന്തപുരം.:വീട്ടുജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷണം ചെയ്ത യുവതിയെയും മോഷണ മുതലുകൾ വിൽക്കുന്നതിനും പണയം വയ്ക്കുന്നതിനും സഹായം ചെയ്ത യുവതിയുടെ കാമുകനെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മേനംകുളം പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് വീട്ടിൽ നാസിമിന്റെ മകൾ സജീറ(32)യും കഠിനംകുളം പുതുക്കറിച്ചി മുഹ്‌യിദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് തെരുവിൽ വിളാകം വീട്ടിൽ സഫീറിന്റെ മകൻ അൽ അമീൻ(32) എന്നിവരാണ് അറസ്റ്റിലായത്.
മേനംകുളം പുത്തൻതോപ്പ് വായനശാലയ്ക്ക് സമീപം സീയോൺ വീട്ടിൽ റിട്ടേർഡ് അദ്ധ്യാപിക സലിൻ പെരേരയുടെ വീട്ടിലാണ് കഴിഞ്ഞ ഒരു വർഷമായി സജീറ ജോലിക്ക് നിന്നത്. കഴിഞ്ഞ 6 സത്തോളമായി പല പ്രാവശ്യമായി 15 പവനോളം സ്വർണ്ണാഭരണങ്ങളും വില കൂടിയ വാച്ചുകളുമാണ് സജീറ മോഷ്ടിച്ചെടുത്തത്. മോഷണ മുതലുകൾ കൂട്ട് പ്രതിയും കാമുകനുമായ അൽ അമീന്റെ സഹായത്തോടെ വിവിധ ബാകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പണയം വെയ്ക്കുകകയും വിൽക്കുകയും ചെയ്തു. തുടർന്ന് ഇരുവരും കോവളം , പൂവാർ , വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ മുറി എടുത്ത് താമസിയ്ക്കുകയും അവിടങ്ങളിൽ ആർഭാട ജീവിതം നയിക്കുകയും ചെയ്തു. കാമുകന് ചൂതുകളിക്കാനും മദ്യപാനത്തിനും വേണ്ടിയാണ് പണം വിനിയോഗിച്ചിരുന്നത്.
അൽ അമീൻ കഠിനംകുളം, ചിറയിൻകീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ മയക്കുമരുന്ന് , കൂലിത്തല്ല് കേസ്സുകളിലെ പ്രതിയാണ്. ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ബൈക്കിൽ നാടുവിടുവാൻ ഒരുങ്ങവെയാണ് കഠിനംകുളം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പ്രതികൾ പണയം വച്ചതും വിറ്റതുമായ സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെത്തി പ്രതികൾക്കൊപ്പം കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻറ് ചെയ്തു.
കഠിനകുളം പോലീസ് ഇൻസ്പെക്ടർ പി.വി വിനേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ആർ.രതിഷ് കുമാർ, ഇ.പി സവാദ് ഖാൻ, കെ.കൃഷ്ണപ്രസാദ്, എം.എ ഷാജി, അനൂപ് കുമാർ, എ.എസ്.ഐ മാരായ എസ് . രാജു, ബിനു എം.എസ്, സിപിഒമാരായ സജിൻ , ഷിജു, അനിൽ കുമാർ , വനിതാ സി.പി.ഒ ഷമീന ബീഗം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു .