മുംബൈ: വീട്ടില്‍ നടത്തിയ പൂജയുടെ ഭാഗമായി അനുഗ്രഹം തേടി താലത്തില്‍ വെച്ച ഒന്നരലക്ഷം രൂപ വിലവരുന്ന താലിമാല കാള വിഴുങ്ങി. ചാണകത്തിലൂടെ കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരാഴ്ച കാത്തിരുന്നുവെങ്കിലും മാല കിട്ടിയില്ല. ചാണകത്തില്‍ തിരഞ്ഞ് മടുത്തപ്പോള്‍ ഒടുവില്‍ കാളയ്ക്ക് ശസ്ത്രക്രിയ നടത്തിയാണ് മാല പുറത്തെടുത്തത്.
അഹ്മദ് നഗറിലെ റെയ്റ്റി വാഗ്പുര്‍ ഗ്രാമത്തിലെ കര്‍ഷകന്‍ ബാബുറാവ് ഷിന്ദേയുടെ വീട്ടിലെ കാളയാണ് പോള എന്ന ആഘോഷത്തിനിടയില്‍ താലിമാല അകത്താക്കിയത്. ഒരു സ്വര്‍ണാഭരണം കാളയുടെ നെറുകയില്‍ തൊടുവിച്ച് അനുഗ്രഹം വാങ്ങുന്നത് ചടങ്ങിന്റെ ഭാഗമാണ്.
ചടങ്ങ് നടക്കുന്നതിനിടെ കറണ്ട് പോയി. മാല മധുരചപ്പാത്തി നിറച്ച പാത്രത്തില്‍വെച്ച ശേഷമാണ് റാവുവിന്റെ ഭാര്യ മെഴുകുതിരി എടുക്കാന്‍ അടുക്കളയിലേക്ക് പോയത്. ഈ പാത്രം കാളയുടെ മുന്നിലായിരുന്നുവെച്ചിരുന്നത്. മെഴുകുത്തിരിയെടുത്ത് തിരികെ വന്നപ്പോഴേക്കും പാത്രം കാലി. ചപ്പാത്തിയോടൊപ്പം താലിമാലയും കാള അകത്താക്കി.
മാലക്കായി കാളയുടെ വായില്‍ കയ്യിട്ട് നോക്കിയിട്ടും മാല ലഭിച്ചില്ല. ഒരാഴ്ചയായിട്ടും ചാണകത്തിലൂടെ താലിമാല കിട്ടാതെ വന്നപ്പോള്‍ കാളയെ അടുത്തുള്ള മൃഗഡോക്ടറെ കാണിച്ചു. മെറ്റല്‍ ഡിക്റ്റെക്ടര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ മാല വയറിനുള്ളില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി മാല പുറത്തെടുത്തു.