InternationalNews

ലെബനന്‍ പേജര്‍ സ്‌ഫോടനം:റിൻസന്റെ കമ്പനിക്കു ബന്ധമില്ല, അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല; ബൾഗേറിയ

സോഫിയ: ലെബനനിൽ ഹിസ്ബുല്ല നേതാക്കളടക്കം കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങളിൽ മലയാളി റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനു പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും നോർട്ടയോ മറ്റു കമ്പനികളോ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ അവിടെനിന്നു കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് പറഞ്ഞു. റിൻസനോ നോർട്ടയോ പേജറുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. റിൻസൻ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ഡിഎഎൻഎസ് വ്യക്തമാക്കി.

ലബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയായ റിന്‍സണിന്‍റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. റിന്‍സണ്‍ അവസാനമായി വയനാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലാണെന്ന്  റിൻസൺ ജോസിൻ്റെ അമ്മാവൻ തങ്കച്ചൻ  മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് റിന്‍സണ്‍ വയനാട്ടിലേക്ക് തിരിച്ചുപോയത്.

10 വർഷം മുമ്പാണ് നോർവയിലേക്ക് പോയത്. റിന്‍സണ്‍ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്നാണ് സംശയിക്കുന്നത്. റിന്‍സണ്‍ മൂന്നു ദിവസം മുമ്പ് വിളിച്ചിരുന്നു. അന്ന് പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ല ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത്. ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ല. റിൻസൻ്റെ ഇരട്ട സഹോദരൻ കഴിഞ്ഞയാഴ്ച നാട്ടിൽ വന്ന് പോയതാണ്. റിന്‍സണ്‍ 100ശതമാനം തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവൻ പറഞ്ഞു.

അതേസമയം, റിൻസൺ അമേരിക്കയിലേക്ക് പോയെന്ന് നോർവേയിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. റിൻസന്‍റെ വിലാസം ഉപയോഗിച്ച് വ്യാജമായി കമ്പനി രജിസ്ട്രർ ചെയ്തതാണോ എന്നാണ് സംശയമെന്നും നോർവിലെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടെ, റിന്‍സന്‍റെ വയനാട്ടിലെ വീട്ടിലെത്തി സ്പെഷ്യല്‍  ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.

നോർവേ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്‍റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. നിലവിൽ നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറി. സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു. 

തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി.

തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിൻറെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല.

രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്‌റൂത്തിലടക്കമുണ്ടായ സ്ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.

ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker