പാലക്കാട്:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ കേസ്. സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനാണ് കേസെടുത്തത്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കേസ്.
ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കും. എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളില്‍ ജില്ല കളക്ടര്‍, എസ് പി എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്ആര്‍ഡിഎസ്സിന്റെ രാഷ്ട്രീയം വലിയ ചര്‍ച്ചയായിരുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നിയന്ത്രിക്കുന്ന സ്ഥാപനമാണിതെന്ന വാദമുയരുമ്പോള്‍ എച്ച്ആര്‍ഡിഎസ് ഇത് നിഷേധിക്കുകയാണ്. എന്നാല്‍ മുന്‍ ആര്‍എസ്എസ് നേതാവ് കെ ജി വേണുഗോപാല്‍, ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍, ബിജെപി നേതാവ് എസ് കൃഷ്ണകുമാര്‍ എന്നിവരാണ് എച്ച്ആര്‍ഡിഎസ്സിന്റെ തലപ്പത്തുള്ളവരും ഉണ്ടായിരുന്നവരും. സെക്രട്ടറി അജി കൃഷ്ണന്‍ മുന്‍ എസ്എഫ്‌ഐ നേതാവാണ്.
ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച്ആര്‍ഡിഎസ്സ് കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ല്‍ രൂപീകൃതമായ സംഘടനയുടെ തലപ്പത്തുള്ളവരില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എസ് കൃഷ്ണകുമാറായിരുന്നു 2017 മുതല്‍ ആറു മാസം മുമ്പു വരെ പ്രസിഡന്റ്. പിന്നീട് സന്യാസി ആത്മ നമ്പിയായി പ്രസിഡന്റ് എന്നാണ് നിലവിലെ നേതൃത്വം അവകാശപ്പെടുന്നത്. വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍ മുന്‍ ആര്‍എസ്എസ് നേതാവ്. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജു കൃഷ്ണന്‍ പ്രൊജക്ട് ഡയറക്ടര്‍. പ്രൊജക്ട് കോഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഷൈജു ശിവരാമന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. മുന്‍ സിപിഎം നേതാക്കളും എച്ച്ആര്‍ഡിഎസ്സിന്റെ തലപ്പത്തുണ്ട്. ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ മുന്‍ എസ്എഫ്‌ഐ നേതാവ്. ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
കേന്ദ്ര സര്‍ക്കാരുമായി അടുത്തു നില്‍ക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെ പിണക്കുന്നില്ല എച്ച്ആര്‍ഡിഎസ്സ്. അതുകൊണ്ടുതന്നെയാണ് ആദിവാസി മേഖലയിലെ ഇവരുടെ ഇടപെടലിനെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും കേരളത്തിലെ ഇവരുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടു പോകുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സില്‍ നിയമിച്ചതില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാര്‍ പറഞ്ഞത്. എങ്ങനെയാണ് എച്ച്ആര്‍ഡിഎസ്സില്‍ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും, സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതും എച്ച്ആര്‍ഡിഎസ് ചെയര്‍മാനായ എസ് കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) എന്ന സംഘടനയുടെ ചെയര്‍മാനാണ് താനെന്ന് എസ് കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. സെക്രട്ടറി അജി കൃഷ്ണനും ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന ജോയ് മാത്യു എന്ന ഉദ്യോഗസ്ഥനും രണ്ട് സ്ത്രീ ജീവനക്കാരും ചേര്‍ന്ന് സംഘടനയില്‍ അഴിമതി നടത്തുകയാണ്. സമാന്തരമായി വേറൊരു ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കി, അതില്‍ വേറെ ആളുകളെ കുത്തിക്കയറ്റി. തന്നെ വരെ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന പ്രചാരണമാണ് അവര്‍ നടത്തുന്നത്. നിയമപരമായി താന്‍ തന്നെയാണ് ചെയര്‍മാന്‍. അജി കൃഷ്ണന്‍ ഈ സ്ഥാപനത്തിന്റെ പേര് അടക്കം പറഞ്ഞ് എന്‍ഡിഎ മുന്നണിയില്‍ നിന്ന് പല ആനുകൂല്യങ്ങളും പറ്റിയെന്നും ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ്സിന്റെ ബാനറില്‍ അനുജന്‍ ബിജു കൃഷ്ണന് സീറ്റ് ഒപ്പിച്ചെടുത്തുവെന്നും എസ് കൃഷ്ണകുമാര്‍ ആരോപിക്കുന്നു.
ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ഒപ്പടക്കം പല രേഖകളിലും അവര്‍ വ്യാജമായി ഉപയോഗിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് അടക്കം ശേഖരിക്കാനായി ഒരു ഡയറക്ടറുടെ ആവശ്യം ആ സംഘടനയിലില്ല. വിദേശത്ത് നിന്ന് അടക്കം അത്രയധികം ഫണ്ട് വരുന്ന ഒരു എന്‍ജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതില്‍ വലിയൊരു ഫണ്ട് ശേഖരണം നിലവില്‍ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരില്‍ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങള്‍ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാര്‍ പറയുന്നു.
എന്‍ജിഒയുടെ സെക്രട്ടറി അജി കൃഷ്ണനും ജോയ് മാത്യു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സംഘടനയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പണമിടപാടുകളും സംബന്ധിച്ച് വരവ് ചെലവ് ഓഡിറ്റ് നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണെന്നും എസ് കൃഷ്ണകുമാര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിന്‍ ചെയ്തത്. പാലക്കാട് അട്ടപ്പാടിയില്‍ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസിനായി വിദേശ കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി.