ഇടുക്കി: പരിസ്ഥിതി ലോല ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇടുക്കി രൂപത. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. നിലവിലെ ബഹളങ്ങള്‍ക്കിടയില്‍ പരിസ്ഥിതി ലോല പ്രശ്നം മറന്നുപോകുന്നു. ഇതിന് പ്രതിപക്ഷത്തിനും പങ്കുണ്ടെന്നാണ് ഇടുക്കി രൂപതയുടെ വിമര്‍ശനം.
സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കസ്തൂരി രംഗന്‍ മാതൃകയില്‍ വീണ്ടും സമരം തുടങ്ങേണ്ടിവരും. ഇതിന് രൂപതെയ പ്രേരിപ്പിക്കരുതെന്നും ഇടുക്കി രൂപതാദ്ധ്യക്ഷന്‍ പറഞ്ഞു. ഇനി പിഴവുണ്ടാകാതിരിക്കാന‍് പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകണം. സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തണം.
ഇവിടെയുള്ള ആശങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാന്‍ തയാറാകണം. വിധി മാറ്റികിട്ടാനുള്ള പരിശ്രമം എല്ലാവരും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവ് നിരവധി ജനങ്ങളെ ബാധിക്കുന്നുവെന്ന് ഇരുവിഭാഗവും ഗൗരവത്തോടെ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവത്തില്‍ ഇടപെടണമെന്ന് പറഞ്ഞ ജോണ്‍ നെല്ലിക്കുന്നേല്‍, ഇതിനായി ബിജെപി നേതാക്കളും ശ്രമം നടത്തണമെന്നും വെറുമൊരു ഹര്‍ത്താല്‍ നടത്തിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപെടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നിരന്തരമായ ഇടപെടലാണ് ഇടുക്കി രൂപത ആഗ്രഹിക്കുന്നത്. എല്ലാ മതസാമൂദായിക നേതാക്കളുമായും ഒത്തു ചേര്‍ന്ന് സംയുക്തസമരം ആലോചിക്കുന്നു. ഇതിനായി സാമുദായിക നേതാക്കളെ യോജിപ്പിച്ച് പ്രത്യേക യോഗം വിളിക്കും.