കാക്കനാട്: പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയില്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത് ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതിയുമായി മകള്‍. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
തമ്മനം സ്വദേശിനിയായ എല്‍എല്‍ബി വിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ആണ്‍സുഹൃത്തിനെ കണ്ടത്.
മാതാപിതാക്കള്‍ ഇതു ചോദ്യം ചെയ്തതോടെ, തന്നെ ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പാലാരിവട്ടം സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ചു.
തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോള്‍ രാത്രി മകള്‍ താമസിക്കുന്ന മുകള്‍നിലയിലെ മുറിയുടെ കട്ടിലിനടിയില്‍നിന്ന് ആണ്‍ സുഹൃത്തിനെ കണ്ടതിനെ തുടര്‍ന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.
താന്‍ മാതാപിതാക്കള്‍ക്കൊപ്പം ഇനി പോകാന്‍ തയാറല്ലന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി പറഞ്ഞു. 18 വയസു മാത്രമുള്ള ഇരുവരോടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി.
വ്യാഴാഴ്ച സഖിയിലെ ജീവനക്കാരെ അറിയിക്കാതെ പെണ്‍കുട്ടി അവിടെനിന്നു പോയി. തുടര്‍ന്ന് തൃക്കാക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ച പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ ഹാജരാക്കി.
ഈ സമയം മാതാപിതാക്കള്‍ക്കൊപ്പം വിടരുതെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മജിസ്ട്രേറ്റിന്‍റെ കാലില്‍ വീണു കരഞ്ഞു. മകളെ വേണമെന്ന് കരഞ്ഞപേക്ഷിച്ച് മാതാപിതാക്കള്‍ കോടതിക്കു പുറത്തും. ഒടുവില്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന ഹോസ്റ്റലില്‍ പെണ്‍കുട്ടി താമസിക്കണമെന്ന് കോടതി ഉത്തരവിട്ടു.