നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് സിനിമയെ വെല്ലുന്ന കഥ!
കൊച്ചി: പത്തുദിവസം പ്രായമായ നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ പോലീസ് പൊക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകള്‍. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊച്ചി ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ് കൈക്കുഞ്ഞുമായ പയ്യന്‍ എത്തിയത്. മാതാപിതാക്കള്‍ ഒപ്പമില്ലാത്തതും പയ്യന്റെ പരുങ്ങലും കണ്ട് സംശയ തോന്നിയ നാട്ടുകാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് കരുതി തടഞ്ഞു വെയ്ക്കുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ ചോദ്യം ചെയ്യലാണ് സത്യാവസ്ഥ പുറത്ത് വന്നത്.
ജ്യേഷ്ഠന്റെ കുഞ്ഞാണെന്നും കുട്ടിയുടെ അച്ഛനും അമ്മയും ഒരാവശ്യത്തിനായി കോട്ടയത്തിന് പോയിരിക്കുകയാണെന്നുമായിരിന്നു ഇയാളുടെ ആദ്യ മറുപടി. പിന്നാലെ താനും കോട്ടയത്തേക്ക് പോകുകയാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കോട്ടയത്തേക്ക് പോകേണ്ട ആള്‍ എന്തിനാണ് ബോട്ട് ജെട്ടിയില്‍ കറങ്ങി നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കാഴ്ച കാണാന്‍ വന്നതാണെന്നായിരിന്നു മറുപടി. കൈക്കുഞ്ഞുമായാണോ കാഴ്ച കാണാന്‍ വരുന്നതെന്നും, കുട്ടിയുടെ അമ്മ എന്തിനാണ് കോട്ടയത്തേക്ക് പോയതെന്നും ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടി ഉണ്ടായില്ല. തുടര്‍ന്ന് പിങ്ക് പോലീസ് സംഘമെത്തി കൗമാരക്കാരനേയും കുട്ടിയേയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഉടന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്‍കി. കുട്ടിയുടെ മാതാപിതാക്കള്‍ വൈകിട്ടോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. കൗമാരക്കാരന്റെ പിതൃസഹോദരന്റെ കുഞ്ഞാണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ മറ്റൊരു യുവതിക്കൊപ്പം വിവാഹം കഴിക്കാതെ നഗരത്തില്‍ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. കോട്ടയത്തു വെച്ച് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് കുഞ്ഞു പിറന്നത്. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി എത്താന്‍ കൗമാരക്കാനോട് പറഞ്ഞ് ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ കോട്ടയത്തേക്ക് പോയത്. സംഭവങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരെ എത്തിയതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ നേരിട്ടെത്തി കുട്ടിയെ ഏറ്റുവാങ്ങി.