തിരുവനന്തപുരം: സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിൻ നാളെ മുതൽ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്‌സിൻ നൽകും. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.
കരുതൽ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നതാണ്. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും വാക്‌സിനെടുക്കാം. ഒമിക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.
എങ്ങനെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാം?
കരുതൽ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
· രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികൾ. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 328 ആയി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.