തമിഴ് സൂപ്പര്‍ താരങ്ങളുടെ വസതിയില്‍ ബോംബ് ഭീഷണി, യുവാവ് പിടിയില്‍
ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. ധനുഷിന്റെ തേനംപേട്ടിലെ വസതിയിലും വിജകാന്തിന്റെ വിരുഗമ്പാക്കത്ത് വസതിയിലും ആണ് ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് ചെന്നൈ വിരുഗമ്പാക്കിലെ വിജയകാന്തിന്റെ വീട്ടിലും തേനംപേട്ടിലെ ധനുഷിന്റെ വീട്ടിലും പൊലീസ് മോബ് ഡോഗ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എന്നിവയുമായെത്തി തെരച്ചില്‍ നടത്തി.
വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പൊലീസ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വില്ലുപുരം ജില്ലയിലെ മരക്കനം നിവാസിയായ ഭുവനേശ്വര്‍ ആണ് ബോംബ് ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാനസികരോഗിയായ ഭുവനേശ്വര്‍ ഇതിനകം തന്നെ നടന്‍ വിജയ്, അജിത്ത്, രജനി എന്നിവരുടെ വീടുകള്‍ക്ക് നേരെയും ഭീഷണി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.