ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം ജർമ്മനി വഴി തിരിച്ചുവിട്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി പുറപ്പെട്ട വിസ്താര ഫ്‌ളൈറ്റ് യുകെ 17 വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. വിമാനം പുറപ്പെട്ട് അൽപ്പനേരങ്ങൾക്ക് ശേഷം ആയിരുന്നു ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫട്ടിൽ ഇറക്കുകയായിരുന്നു. അർദ്ധരാത്രി 12.40 ഓടെയാണ് വിമാനം ഫ്രാങ്ക്ഫട്ടിൽ എത്തിയത്. ഇവിടെ വച്ച് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു.സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെ വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നു.
അടുത്തിടെയായി ഇന്ത്യയിൽ വിമാനങ്ങൾക്ക് നേരെ ഭീഷണി വർദ്ധിച്ചുവരികയാണ്. വെളളിയാഴ്ച ആകാശ് എയർ വിമാനത്തിന് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു. ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന് നേരെയായിരുന്നു ഭീഷണി ഉയർന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലധികം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.