EntertainmentNews

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

മുംബൈ: ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.

ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടര്‍ന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.

പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. 1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടി. ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ല്‍ മികച്ച പ്രതിനായിക, 2011-ല്‍ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യന്‍ ടെലി അവാര്‍ഡുകളും സ്വന്തമാക്കി.

ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്റെ മുംബൈ വുമണ്‍ ഓഫ് ദ ഡെക്കേഡ് ആര്‍ക്കൈവേഴ്‌സ് അവാര്‍ഡും നേടിയിരുന്നു. 1997-ല്‍ സുമ ജോസ്സണ്‍ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭര്‍ത്താവ്. പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button