തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും അനാസ്ഥ. മരിച്ചയാളെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വവെച്ചാണ് മൃതദേഹം മാറിയത്.
കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ ബാബു 12 ന് മരിച്ചു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ മരിച്ചതാകട്ടെ കഴിഞ്ഞ ദിവസവും.
കഴിഞ്ഞ 11 ന് മലയിന്‍കീഴ് വച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ലാല്‍മോഹനേയും അതേ ദിവസം തന്നെ അപകടത്തില്‍പ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളില്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരുടെയും കേസ് നമ്പരുകളും അടുത്തടുത്ത നമ്പരുകളിലായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ.സി.യു.വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. പരിചരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. 12 ന് ബാബു മരിച്ചു. മരിച്ചത് ലാല്‍മോഹന്‍ തന്നെ എന്ന ധാരണയില്‍ ബന്ധുക്കള്‍ മലയിന്‍കീഴ് പോലീസിനെ അറിയിച്ച് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചു എന്നാണ് പോലീസ് പറഞ്ഞത്.