തൃശൂർ: പൂരപ്പറമ്പിലെ ഓളത്തിനൊപ്പം നടന്ന് നീങ്ങിയ ആളെ പെട്ടെന്ന് എല്ലാവർക്കും പിടികിട്ടിക്കാണില്ല. വേഷം മാറി പുതിയ രൂപത്തിലെത്തിൽ തൃശൂർ പൂരത്തിനെത്തിയ ഈ കോടീശ്വരനെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലർ മാത്രമാണ്.
അടിപൊളി മേക്കോവറിൽ എത്തിയത് മറ്റാരുമല്ല, ആരാധകർ ബോച്ചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരാണ് പൂരനഗരിയിലെ വേറിട്ട കാഴ്‌ചയായത്. ഷർട്ടും ജീൻസും ഷൂസുമൊക്കെ ധരിച്ച് കെെയിലൊരു കാലൻ കുടയുമായാണ് ബോച്ചെ എത്തിയത്. മുഖത്ത് വെപ്പ് താടിയും മീശയും കൂളിംഗ് ഗ്ലാസും. ലുക്ക് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും.
കടയിൽ കയറി വാച്ചെടുത്ത് നോക്കി, മിഠായി പാക്കറ്റുകൾ പരിശോധിച്ചാണ് അദ്ദേഹം നടക്കുന്നത്. മരണക്കിണറിലെ പ്രകടനം കണ്ട് കെെയടിച്ച്, റിംഗ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് പൂരം ആസ്വദിച്ചാണ് ബോച്ചെയുടെ നടപ്പ്. ചിലർ അദ്ദേഹത്തെ തിരിച്ചറിയുന്നുമുണ്ട്. ഇതിനിടയിൽ താടി കണ്ടാൽ അറിഞ്ഞൂടെ വെപ്പാണ് എന്ന് ഒരാൾ ചോദിക്കുന്നുമുണ്ട്. മറുപടി ഒരു ചിരിയിലൊതുക്കി ബോച്ചെ വീണ്ടും നടന്നുനീങ്ങി.