കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് തുടർന്നുവന്ന വിജയക്കുതിപ്പിന് സമനിലപ്പൂട്ടിട്ട് അയൽക്കാരായ ചെന്നൈയിൻ എഫ്സി. ചെന്നൈയിന്റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദും (23–ാം മിനിറ്റ്), ചെന്നൈയിൻ എഫ്സിക്കായി രണ്ടാം പകുതിയിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ വിൻസി ബാരറ്റോയും (48–ാം മിനിറ്റ്) ലക്ഷ്യം കണ്ടു. അഞ്ച് മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിനു ശേഷമാണ് ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.
സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 10 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തെത്താൻ അവസരമുണ്ടായിരുന്നു. ചെന്നൈയിൻ എഫ്സി 10 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം ഇരുപത്താറിന് ഒഡീഷ എഫ്സിക്കെതിരെയാണ്.
അടിയും തിരിച്ചടിയുമായി പുരോഗമിച്ച മത്സരത്തിന് ആവേശം സമ്മാനിച്ച് 23–ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് കേരള ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ വന്നത്. പന്തുമായി മധ്യവരയ്ക്കു സമീപത്തു നിന്നും മുന്നേറിയ ഇവാൻ കല്യൂഷ്നി, മുന്നിലേക്ക് ഓടിക്കയറിയ സഹൽ അബ്ദുൽ സമദിനായി പന്തു നീട്ടി നൽകി. ചെന്നൈയിൻ പ്രതിരോധം പിളർത്തിയെത്തിയ ത്രൂബോൾ ഓടിപ്പിടിച്ച് അതേ വേഗത്തിൽ മുന്നോട്ടു കയറിയ സഹൽ, തടയാനെത്തിയ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിനു മുകളിലൂടെ പന്തു കോരി വലയിലിട്ടു. സ്കോർ 1–0.
ഒരു ഗോളിന്റെ കടവുമായി ഇടവേളയ്ക്കു കയറിയ ചെന്നൈയിൻ എഫ്‍സി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ സമനില ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മുൻ താരങ്ങൾ ചേർന്നു നടത്തിയ നീക്കത്തിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. കേരള ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ചെന്നൈയിൻ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിൽ കടന്ന വിൻസി ബാരറ്റോ പന്ത് പോസ്റ്റിന്റെ ഇടതുമൂലയിൽ പതുങ്ങിനിന്ന പ്രശാന്തിനു മറിച്ചു. പ്രശാന്തിന്റെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തടഞ്ഞെങ്കിലും, റീബൗണ്ട് എത്തിയത് വിൻസിയുടെ തന്നെ കാലുകളിലേക്ക്. ക്ലോസ് റേഞ്ചിൽനിന്നും താരത്തിന്റെ ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക്. സ്കോർ 1–1.
ആക്രമണം മുഖമുദ്രയാക്കി ഇരു ടീമുകളും ഇരച്ചുകയറിയതോടെ സമൻമാരുടെ പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടേണ്ടതായിരുന്നു. 40 വാരയോളം അകലെ ലഭിച്ച ഫ്രീകിക്കിൽനിന്ന് അഡ്രിയാൻ ലൂണ ഉയർത്തിവിട്ട പന്ത് പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയെങ്കിലും ചെന്നൈയിൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി. 12–ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ചെന്നൈയിൻ താരം വിൻസി ബാരറ്റോയ്ക്ക് ലഭിച്ച സുവർണാവസരവും അദ്ദേഹം അവിശ്വസനീയമാംവിധം നഷ്ടമാക്കി. ഷോട്ടെടുക്കാനുള്ള ആദ്യ ശ്രമം പാളിയതാണ് ചെന്നൈയിനെ ചതിച്ചത്. ഇതിനു പിന്നാലെയാണ് 23–ാം മിനിറ്റിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്.
28–ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സി വീണ്ടും ഗോളിന് അടുത്തെത്തി. ഇത്തവണ ഇടതുവിങ്ങിൽനിന്ന് അപകടകരമായി ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് എത്തിയ പന്ത് മുന്നിലേക്ക് ഡൈവ് ചെയ്ത് നിഷുകുമാർ കുത്തിയകറ്റി. ഇതിനു ലഭിച്ച കോർണറിൽനിന്ന് ചെന്നൈയിൻ താരം ജൂലിയസ് ഡൂകർ പായിച്ച ഷോട്ട് മാർക്കോ ലെസ്കോവിച്ചിന്റെ ദേഹത്തുതട്ടി പുറത്തുപോയി. 35–ാം മിനിറ്റിൽ ചെന്നൈയിനു ലഭിച്ച കോർണറിനു തലവച്ച വഫ ഹഖമനേഷിയുടെ ബുള്ളറ്റ് ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ക്രോസ് ബാറിനു മുകളിലൂടെ പറന്നത്.
ചെന്നൈയിൻ എഫ്സി സമനില ഗോൾ നേടുന്ന കാഴ്ചയോടെയാണ് മത്സരത്തിന്റെ രണ്ടാം പകുതിക്കു തുടക്കമായത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റഹിം അലിക്കു പകരം കളത്തിലെത്തിയ പ്രശാന്ത് ഗോൾനീക്കത്തിലെ പ്രധാന കണ്ണിയായി. ഗോൾ നേടിയത് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ വിൻസി ബാരറ്റോയും. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന പ്രശാന്തിന്റെ ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ നിന്നാണ് വിൻസി ബാരറ്റോ ലക്ഷ്യം കണ്ടത്.
സമനില വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സും ചെന്നൈയിനും വിജയഗോളിനായി അധ്വാനിച്ചു കളിച്ചെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഇതിനിടെ ചെന്നൈയിൻ രണ്ടു മാറ്റങ്ങൾ കൂടി വരുത്തി. ജൂലിയസ് ഡൂകറിനു പകരം എൽ ഖയാട്ടിയും എഡ്‌വിൻ വൻസ്പോളിനു പകരം ജിതേശ്വർ സിങ്ങുമെത്തി. ബ്ലാസ്റ്റേഴ്സ് നിരയിൽ നിഷു കുമാറിനു പകരം ജെസ്സൽ കാർണെയ്റോയും സഹലിനു പകരം സൗരവ് മണ്ഡലും കല്യൂഷ്നിക്കു പകരം ജിയാന്നുവുമെത്തി. 81–ാം മിനിറ്റിൽ ബാരറ്റോയെ പിൻവലിച്ച് ചെന്നൈയിൻ പരിശീലകൻ അനിരുദ്ധ് ഥാപ്പയെ കളത്തിലിറക്കി. 85–ാം മിനിറ്റിൽ കരികാരിക്കു പകരം പീറ്റർ സ്ലിസ്കോവിച്ചെത്തി. മാറ്റങ്ങൾക്കിടെ ഇരു ടീമുകളും വിജയഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നു മാത്രം.