ചെന്നൈ: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ച ബിജെപി പ്രവർത്തകർ ചെന്നൈയിൽ പിടിയിൽ. പൊലീസ് എത്തിയപ്പോൾ അമിത് ഷായുടെ ഓഫീസിനെ അറിയിക്കുമെന്നായിരുന്നു ഭീഷണി. നീണ്ട വാക്ക് തർക്കത്തിനൊടുവിൽ പ്രാദേശിക നേതാക്കളെ പോലീസ് പിടികൂടുകയായിരുന്നു.
ചെന്നൈ റായപേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിൽ ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് ചെറുപ്പക്കാർ എത്തി ചിക്കൻ ഫ്രൈഡൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇവർ മടങ്ങാനൊരുങ്ങിയതോടെ ഹോട്ടലുടമ തടഞ്ഞു. ഇതോടെ തങ്ങള്‍ ബിജെപി നേതാക്കളാണെന്നും വലിയ സ്വാധീനമുണ്ടെന്നും കട പൂട്ടിക്കുമെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി.
എന്നാല്‍ ഹോട്ടലുടമ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ ഉദ്യോഗസ്ഥർക്ക് നേരെയും യുവാക്കൾ കയർത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. ഭീഷണിയില്‍ പൊലീസ് കുലുങ്ങാതായതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. ബിജെപി പ്രാദേശിക പ്രവർത്തകരായ ഭാസ്ക്കർ, പുരുഷോത്തമൻ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട ആൾക്കായി അന്വേഷണം തുടരുകയാണ്. എന്നാൽ സംഭവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.