ചെന്നൈ: 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയിയുടെ പുതിയ ചിത്രമായ ലൊകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. നെയ്വേലിയിലെ ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്.
വിജയിക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയിയുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എന്നാല്‍ താരത്തിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.