ബംഗലൂരു:കർണാടകത്തില്‍ മാണ്ഡ്യ എംപിയും നടിയുമായ സുമലത അംബരീഷിനെ മോശം ഭാഷയില്‍ വിമർശിച്ച ബിജെപി യുവനേതാവിന് താക്കീത്. സുമലത ഒന്നിനും കൊള്ളാത്തവരാണെന്ന് പറഞ്ഞ മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ദേശീയ നേതൃത്വം താക്കീത് ചെയ്തത്. സുമലതയ്ക്കെതിരെ ബിജെപിക്കകത്തുയരുന്ന എതിർപ്പ് കൂടിയാണ് വാക്പോരിലൂടെ പുറത്തുവന്നത്. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് പ്രതാപ് സിംഹ സ്ത്രീകൾക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നതെന്നാണ് സുമലതയുടെ അഭിപ്രായം.
എന്നാല്‍ സുമലതയുടെ റൗഡി പ്രയോഗം ഭർത്താവ് അംബരീഷിന്‍റെ സിനിമയിലെ വില്ലന്‍ വേഷം ആലോചിച്ചപ്പോൾ ഓർമയില്‍ വന്നതായിരിക്കുമെന്ന് പ്രതാപ് സിംഹ തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു, ഇതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്. സുമലതയുമായി ഉടന്‍ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കളും പ്രതാപ് സിംഹയ്ക്ക് കർശന നിർദേശം നല്‍കി.
ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പിച്ചത്. മാണ്ഡ്യയില്‍ സുമലത സ്വാധീനമുറപ്പിക്കുന്നതില്‍ പ്രാദേശിക ബിജെപി നേതാക്കൾക്കുള്ള അമർഷമാണ് പ്രതാപ് സിംഹയിലൂടെ പുറത്തുവന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന്‍ അഭിഷേകിനെ മല്‍സരിപ്പിക്കാന്‍ സുമലത പദ്ദതിയിടുന്നെന്നും നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.