ഹുബ്ബള്ളി: വിവാദ പരാമര്‍ശവുമായി ഹുബ്ബള്ളി-ധാര്‍വാഡ് വെസ്റ്റ് ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് (Arvind Bellad). യുക്രൈനില്‍ (Ukraine) കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം എത്തിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണ് വിവാദമായത്. ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്‍ ജ്ഞാന ഗൗഡറിന്റെ (Naveen njana goudar) മൃതദേഹം തിരികെ കൊണ്ടുവരുന്നതിന് പകരം 10 പേരെ കൊണ്ടുവരാമെന്ന് എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് എംഎല്‍എയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബെല്ലാഡ് വിവാദ പരാമര്‍ശമുന്നയിച്ചത്.
യുദ്ധ മേഖലയില്‍ നിന്ന് ജീവനുള്ള ആളുകളെ ഒഴിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് ഒരു മൃതദേഹം കൊണ്ടുവരുന്നതെന്നും മൃതദേഹം കൊണ്ടുവരുന്ന സ്ഥാനത്ത് കൂടുതല്‍ ആളുകളെ കൊണ്ടുവരാമെന്നും എംഎള്‍എ പറഞ്ഞു. യുക്രെയിനില്‍ കുടുങ്ങിപ്പോയ ആളുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടത്തുകയാണ്. ആളുകളെ തിരിച്ചെത്തിക്കുന്ന ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മോദി റഷ്യയുടെയും ഉക്രെയ്നിന്റെയും പ്രസിഡന്റുമാരുമായി സംസാരിച്ചതായും എംഎല്‍എ പറഞ്ഞു. ‘നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യുക്രൈന്‍ ഒരു യുദ്ധമേഖലയാണ്. എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കഴിയുമെങ്കില്‍ മൃതദേഹം തിരികെ കൊണ്ടുവരുമെന്നും നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തിനകം മൃതദേഹം വീട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പറഞ്ഞിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി മോദിയോടും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു നവീന്‍.