നെഹ്‌റു സ്ത്രീലമ്പടന്‍, നെഹ്‌റു കുടുംബാംഗങ്ങള്‍ മുഴവന്‍ കാമാസക്തി നിറഞ്ഞവര്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
മുസഫര്‍നഗര്‍: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനേയും കുടുംബത്തേയും അവഹേളിച്ച് ബി.ജെ.പി എംഎല്‍എ. ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് യു.പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിങ് സെയ്നി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടെയാണ് സെയ്നി നെഹ്റുവിനെ അവഹേളിച്ചത്. ലോകനേതാക്കളോടൊപ്പം നില്‍ക്കുന്ന മോഡിയുടെ പഴയചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സെയ്നിയുടെ വിവാദ പരാമര്‍ശം. ചിത്രത്തില്‍ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് മോഡിയെ നോക്കിനില്‍ക്കുന്നതാണ് പശ്ചാത്തലം.
‘ഭാരത മാതാവിന്റെ മഹത്വം മാത്രമാണു മോഡി കാണുക. ഭാരതമാതാവിന്റെ മകനെ(മോഡിയെ) സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയില്‍ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോഡിയാണ്, നെഹ്റുവല്ല’- ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ സെയ്നി പറയുന്നു. ഇക്കാര്യമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്റു കുടുംബത്തെ തന്നെ ഒട്ടാകെ അധിക്ഷേപിക്കാന്‍ സെയ്നി മുതിരുകയായിരുന്നു. ‘രാഷ്ട്രീയക്കാരിയായ സ്ത്രീ അദ്ദേഹത്തെ (മോഡിയെ) തുറിച്ചുനോക്കുകയായിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോഡിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്റു വിഷയലമ്പടനാണ്. നെഹ്റുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കാമാസക്തി നിറഞ്ഞവരാണ്. രാജീവ് ഗാന്ധി ഇറ്റലിയില്‍നിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്റുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും പ്രവര്‍ത്തിക്കുന്നത്’ സെയ്നി പറഞ്ഞു.