മലപ്പുറം: കേരള സ്‌റ്റോറി വിവാദത്തില്‍ ബി ജെ പി നിലപാട് തള്ളി മലപ്പുറത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അബ്ദുള്‍ സലാം. വിവാദം തന്നെയാണ് ഏറ്റവും അധികം ബാധിക്കുക എന്നും ഈ സമയത്ത് ഇത്തരമൊരു വിവാദം ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും അബ്ദുള്‍ സലാം പറഞ്ഞു.
സിഎഎ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ സംസ്ഥാന നേതൃത്വം എന്ത് ചെയ്തു എന്ന് അവരോട് ചോദിക്കണം എന്നും ക്രിസ്തുമസിന് ക്രിസ്ത്യന്‍ വീടുകളില്‍ ബി ജെ പി നേതാക്കള്‍ പോയത് പോലെ ഈദ് അല്‍ ഫിത്വറിനും പോകണമായിരുന്നു എന്നും അബ്ദുള്‍ സലാം പറഞ്ഞു. അബ്ദുള്‍ സലാമിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…
‘ പ്രചരണം നന്നായി പോകുന്നു. മൂന്നാമത്തെ റൗണ്ട് ഏതാണ്ട് പൂര്‍ത്തിയായി. കേരള സ്റ്റോറി ഞാനിത് വരെ കണ്ടിട്ടില്ല. ഒരു കാര്യം വസ്തുതയാണ്. മുസ്ലീങ്ങളോട് കുറച്ച് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളതും വസ്തുതയാണ്. ഞാന്‍ പറയുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് ഈ സമയത്ത് വന്നത് മലപ്പുറം പോലെ സാമാന്യം മുസ്ലീങ്ങള്‍ ഉള്ള സ്ഥലത്ത് സ്ഥാനാര്‍ത്ഥിയെ ബാധിച്ചേക്കാം.
സീരീസ് ഓഫ് ഹീറ്റ് ഉണ്ടാക്കുന്ന കാര്യങ്ങളല്ലേ. അയോധ്യയെ പറഞ്ഞ് കുറെ കത്തിച്ചു, ഗ്യാന്‍വാപി കത്തിച്ചു, സിഎഎ കത്തിച്ചു, ഇപ്പോള്‍ കേരള സ്‌റ്റോറി കത്തിച്ചു. കത്തിച്ച് കത്തിച്ച് ഇതില്‍ കിടന്ന് പൊരിയുന്നത് ഞാനല്ലേ. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ സമയത്ത് അല്ലായിരുന്നെങ്കില്‍ എനിക്ക് ഈ ചൂടിന്റെ ഫീല്‍ ഒന്ന് കുറഞ്ഞുകിട്ടുമായിരുന്നു. ക്രിസ്തുമസിന് പല ബിജെപി നേതാക്കളും ക്രിസ്ത്യന്‍ വീടുകളില്‍ പോയി.
എന്നാല്‍ ഈദിന് അങ്ങനെയൊന്നും കണ്ടില്ലല്ലോ എന്ന് എന്നോട് ഒരുപാട് പേര്‍ ചോദിച്ചു. എനിക്ക് സത്യം പറഞ്ഞാല്‍ അവരോട് ഫലപ്രദമായ മറുപടി പറയാന്‍ പറ്റിയില്ല. അങ്ങനെ വേണ്ടിയിരുന്നില്ലേ എന്ന് എനിക്കും തോന്നി. ക്രിസ്തുമസിന് പോകമെങ്കില്‍ ഈദിനും പോകേണ്ടേ. അതിന് എന്ത് പറ്റി എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ മാത്രം ഞാന്‍ ശക്തനല്ല. സിഎഎ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ സംസ്ഥാന നേതൃത്വം എന്ത് ചെയ്തു എന്ന് അവരോട് ചോദിക്കണം. പലരും വിശദീകരണം കൊടുക്കുന്നുണ്ട്. പക്ഷെ അത് ചെയ്യേണ്ടത് മുസ്ലീം പോക്കറ്റുകളിലാണ്’.