ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഉത്പാദന മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരുവില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പത്രിക പുറത്തിറക്കിയത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീതിപ്പെടുത്താതിരിക്കുക എന്നതാവും ബിജെപിയുടെ നയമെന്ന് പ്രകടനപത്രിക പുറത്തിറക്കിയശേഷം നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍ വിഭാഗക്കാര്‍) കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ കിറ്റാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പ്രതിദിനം അരലിറ്റര്‍ പാലും പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകളും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദീപാവലി അടക്കമുള്ള ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചാവും ഓരോ സിലിണ്ടറുകള്‍വീതം നല്‍കുക. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ, സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്നിവയും പത്രികയിലുണ്ട്.
കര്‍ണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കും, ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും, ബി.എം.ടി.സി ബസ്സുകള്‍ മുഴുവന്‍ ഇലക്ട്രിക്ക് ആക്കിമാറ്റും. ബെംഗളൂരുവിന് സമീപം ഇ.വി നഗരം സ്ഥാപിക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുടെ പദ്ധതി, എസ്.സി – എസ്.ടി കുടുംബങ്ങള്‍ക്ക് 10,000 രൂപവീതം അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങിയവയും ബിജെപി പ്രകടന പത്രികയിലുണ്ട്.മെയ് പത്തിനാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍.