ഭോപ്പാൽ:ഹിന്ദി ഹൃദയ ഭൂമിയിൽ വ്യക്തമായ മുന്നേറ്റവുമായി ബിജെപി. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ ലീഡ് ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. നിലവിൽ 138 ഓളം സീറ്റുകൾക്കാണ് ബിജെപി മുന്നേറുന്നത്. കോൺഗ്രസാകട്ടെ 90 ഓളം സീറ്റുകളിലും.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസും ബി ജെ പിയും കാഴ്ചവെച്ചത്. എന്നാൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ വ്യക്തമായ ആധിപത്യം നേടാൻ ബി ജെ പിക്ക് സാധിച്ചു.
2018 ൽ 114 സീറ്റുകൾ നേടിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് അധികാരം പിടിച്ചത്. എന്നാൽ ഭരണം രണ്ട് വർഷം തികയ്ക്കും മുൻപ് ഓപ്പറേഷൻ താമര പയറ്റി ബി ജെ പി ഭരണം തിരിച്ചുപിടിച്ചു. കോൺഗ്രസിലെ യുവ നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിലുള്ള തർക്കമായിരുന്നു ബി ജെ പി ആയുധമാക്കിയത്. 26 ഓളം എം എൽ എമാരേയും സിന്ധ്യയേയും വളരെ എളുപ്പത്തിൽ മറുകണ്ടം ചാടിക്കുന്നതിൽ ബി ജെ പി വിജയിക്കുകയായിരുന്നു.
തിരിച്ചടിക്ക് മറുപടി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ഇക്കുറി കോൺഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. പരമാവധി തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കിയും ജനകീയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും തുടക്കം മുതൽ തന്നെ കളം നിറയാൻ കോൺഗ്രസിന് സാധിച്ചിരുന്നു.
സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്നും ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പ്രചരണത്തിലെ മോദി തരംഗവും കേന്ദ്ര പദ്ധതികളുമെല്ലാം ഈ ഭരണ വിരുദ്ധ വികാരം മറികടക്കാൻ സഹായിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ.
230 സീറ്റുകൾ ഉള്ള സംസ്ഥാനത്ത് 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 100 സീറ്റുകൾ നേടാൻ സാധിച്ചാൽ അധികാരം ബി ജെ പി ഉറപ്പിക്കുന്നു. അതേസമയം കോൺഗ്രസിനാകട്ടെ മാന്ത്രിക സംഖ്യ തൊട്ടാൽ പോലും ഭരണം നേടാനാകുമോയെന്നതാണ് കൗതുകകരമായ ചോദ്യം.
കുറഞ്ഞത് 140 സീറ്റുകൾ നേടിയാൽ പോലും ബി ജെ പി കോട്ടയായ മധ്യപ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപീകരണം എളുപ്പമായേക്കില്ല. മറ്റൊരു രാഷ്ട്രീയ നാടകങ്ങളിലേക്ക് സംസ്ഥാനം പോകുമോയെന്ന് വരും മണിക്കൂറിൽ കാത്തിരുന്ന് കാണേണ്ടി വരും.