ജയ്പുർ: രാജസ്ഥാൻ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിൽ ബിജെപിയുടെ ലീഡ് മൂന്നക്കം കടന്നു. ഭരണകക്ഷിയായ കോൺഗ്രസിനേക്കാൾ 20ലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നിലവിലെ ലീഡ് നില ഇങ്ങനെയാണ്: ബിജെപി: 104, കോൺഗ്രസ്: 86, മറ്റുള്ളവർ: അഞ്ച്.
മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ട് സർദാർപുരയിൽ ലീഡ് ചെയ്യുന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ ജൽരാപ്തനിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ് ടോങ്കിലും ഹനുമാൻ ബെനിവാൾ ഖിൻസ്വാറിലും ബിജെപി നേതാക്കളായ രാജേന്ദ്ര റാത്തോഡ് താരാനഗറിലും ദിയ കുമാരി വിദ്യാധർ നഗറിലെ ലീഡ് ചെയ്യുകയാണ്.
വീറും വാശിയുമേറിയ പ്രചാരണത്തിനൊടുവിൽ 200 അംഗ നിയമസഭയിലെ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി അന്തരിച്ചതിനെ തുടർന്ന് ഒരു സീറ്റിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. സർക്കാർ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷ 100 സീറ്റാണ്.
26 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 4180 റൗണ്ടായാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. നവംബർ 25 നടന്ന വോട്ടെടുപ്പിൽ 74.62 ശതമാനമായിരുന്നു പോളിങ്. 5,26,90,146 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്.
ഭരണമാറ്റം പതിവുള്ള രാജസ്ഥാനിൽ സമാന പ്രവചനമാണ് എക്സിറ്റ് പോളുകളും നടത്തിയത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് മേൽക്കൈ നൽകിയിട്ടുണ്ട്. 2018ൽ കോൺഗ്രസ് 99 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി 73ലേക്ക് ഒതുങ്ങുകയായിരുന്നു. ബിഎസ്പി, സ്വതന്ത്ര എംഎൽഎമാരുടെ കൂടി പിന്തുണ നേടിയാണ് അശോക് ഗെഹ്‍ലോട്ടിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്.