ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ബി.ജെ.പിയുടെ വന്‍വിജയത്തിന് പിന്നാലെ ബി.എസ്.പി. നേതാവ് മായാവതിയെയും എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. ബി.ജെ.പിയുടെ വമ്പന്‍വിജയത്തിന് നല്‍കിയ ‘സംഭാവന’ പരിഗണിച്ച് ഇരുവര്‍ക്കും പത്മവിഭൂഷണോ ഭാരതരത്‌നയോ സമ്മാനിക്കണമെന്ന് റാവുത്ത് പറഞ്ഞു.
ബി.ജെ.പി. വലിയ വിജയമാണ് നേടിയത്. ഉത്തര്‍ പ്രദേശ് അവരുടെ സംസ്ഥാനമായിരുന്നു. എന്നിട്ടും അഖിലേഷ് യാദവിന്റെ സീറ്റുകള്‍ മൂന്നിരട്ടി വര്‍ധിച്ചു. 42-ല്‍നിന്ന് 125 ആയി. മായാവതിയും ഒവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് പത്മവിഭൂഷണോ ഭാരത്രത്നയോ നല്‍കിയേ മതിയാകൂ- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു റാവുത്ത് പ്രതികരിച്ചു.
നാല് സംസ്ഥാനങ്ങളില്‍ വിജയിച്ചുവെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പരാജയപ്പെട്ടെന്നും റാവുത്ത് ചൂണ്ടിക്കാട്ടി. ഗോവയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ തോറ്റെന്നും പഞ്ചാബ് ബി.ജെ.പിയെ പൂര്‍ണമായി തള്ളിക്കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി-എല്ലാവരും പഞ്ചാബില്‍ തീവ്രപ്രചരണം നടത്തിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് പഞ്ചാബില്‍ പരാജയപ്പെട്ടത്. യു.പി., ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ബി.ജെ.പി. ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും ശിവസേനയും യു.പിയില്‍ പരാജയപ്പെട്ടതിനേക്കാള്‍ വലുതാണ് പഞ്ചാബില്‍ ബി.ജെ.പി. നേരിട്ട തോല്‍വിയെന്നും റാവുത്ത് പറഞ്ഞു.
ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ ബി ടീമുകളാണ് ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു സീറ്റാണ് ബി.എസ്.പിക്ക് നേടാനായത്. എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല.