FeaturedHome-bannerKeralaNationalNews

‘ഒരു ഇഷ്ടിക പോലും ഇടാൻ സമ്മതിക്കില്ല’; തമിഴ്‌നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി. ലുലു മാളിനെതിരെ തമിഴ്‌നാട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് രംഗത്തെത്തിയത്. പുതുതായി നിര്‍മ്മിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി ജെ പി സമ്മതിക്കില്ലെന്ന് ബി ജെ പി അറിയിച്ചു.

ലുലു മാള്‍ ആരംഭിച്ചാല്‍ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ബാധിക്കുമെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ആദ്യ കാലത്ത് വാള്‍മാര്‍ട്ടിനെ എതിര്‍ത്ത സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്ന വേളയിലാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പിട്ടത്.

അബുദാബിയില്‍ വച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് സര്‍ക്കാരും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത്. 3500 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്ത് മൂന്ന് പ്രധാന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്. മൊത്തം 2,500 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് മാളുകള്‍ നിര്‍മ്മിക്കും. 1,000 കോടി രൂപ മുതല്‍മുടക്കില്‍ ഭക്ഷ്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

പദ്ധതി നടപ്പിലായാല്‍ 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫലിയുടെ അബുദാബിയിലെ വസതിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. വ്യവസായ മന്ത്രി തങ്കം തെന്നരസുവും സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം അബുദാബിയിലെ മുബദാല ടവറിലെ എമിറേറ്റ്സ് പാലസില്‍ സ്റ്റാലിനും ഉദ്യോഗസ്ഥരും പ്രമുഖ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
മുബദാലയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേധാവി സയ്ദ് അരാറുമായുള്ള കൂടിക്കാഴ്ചയില്‍, തമിഴ്നാട്ടിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചു. ഗ്രീന്‍ എനര്‍ജി, റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നതിനായി തമിഴ്‌നാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പ്പറേഷനുമായി ഒരു വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ മുഖ്യമന്ത്രി മുബദാലയെ ക്ഷണിച്ചു.

യു എ ഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല മുഹമ്മദ് അല്‍ മസ്റോയിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഭക്ഷ്യ സംസ്‌കരണം, ഫുഡ് പാര്‍ക്കുകള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, കാര്‍ഗോ, അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ കമ്പനികളെ സ്റ്റാലിന്‍ ക്ഷണിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സാധനങ്ങള്‍ യുഎഇയിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാമെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു.

റസിഡന്‍ഷ്യല്‍ ടെന്‍മെന്റുകള്‍, കൊമേഴ്സ്യല്‍ കോംപ്ലക്സുകള്‍, ബിസിനസ് സോണുകള്‍, ഗോഡൗണുകള്‍ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഏറെയുള്ള ചെന്നൈ, കോയമ്പത്തൂര്‍, മധുര, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിക്ഷേപം നടത്താന്‍ മുഖ്യമന്ത്രി ക്ഷണിച്ചു. തമിഴ്നാട്ടിലെ ആരോഗ്യ-ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എഡിക്യു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) മുഹമ്മദ് അല്‍സുവൈദിയുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി.

അതേസമയം, സംസ്ഥാനത്ത് നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതായും നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. യുഎഇയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും സ്‌നേഹവും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അഭിമാനകരമായിരുന്നെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button