ന്യൂഡല്‍ഹി:രാമാണയത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമായണത്തെയും രാവണനെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് മാളവിക രംഗത്തെത്തിയത്.
രാവണനെ തെറ്റായിയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും. സിനിമ എടുക്കുന്നതിന് മുന്‍പ് കുറഞ്ഞത് രാമയണത്തെ കുറിച്ചെങ്കിലും അന്വേഷിക്കണമായിരുന്നെന്നും അവര്‍ പറഞ്ഞു.’വാല്‍മീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കില്‍ ഇതുവരെ ലഭ്യമായ അനേകം രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകന്‍ ഗവേഷണം നടത്താത്തതില്‍ തനിക്ക് സങ്കടമുണ്ടെന്ന് അവര്‍ പറഞ്ഞു.
അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന ഏറ്റവും കുറഞ്ഞ കാര്യം നമ്മുടെ സ്വന്തം സിനിമകളെ കുറിച്ച് അന്വേഷിക്കുക എന്നതാണ്. രാവണന്‍ എങ്ങനെയാണെന്ന് കാണിക്കുന്ന വിവിധ ഭാഷകളിലുള്ള ധാരാളം സിനിമകളുണ്ട്’ എന്നും മാളവിക പറഞ്ഞു. ‘രാവണന്‍ എങ്ങനെയുണ്ടെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന് ഭൂകൈലാസത്തിലെ എന്‍ ടി രാമറാവുവിനെയോ ഡോ രാജ്കുമാറിനെയോ, സമ്പൂര്‍ണ രാമായണത്തിലെ എസ് വി രംഗ റാവുവിനെയോ നോക്കാമായിരുന്നെന്നും മാളവിക പറഞ്ഞു.
ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത് ചെയ്യാന്‍ കഴിയില്ല.
ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. ഈ തെറ്റായ ചിത്രീകരണത്തില്‍ തനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണ്. ഇത് ഒരു തുര്‍ക്കി സ്വേച്ഛാധിപതിയായിരിക്കാം, പക്ഷേ രാവണനല്ല. ബോളിവുഡ്, നമ്മുടെ രാമായണം, തെറ്റായി ചിത്രീകരിക്കുന്നത് നിര്‍ത്തൂവെന്നു എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.