24 C
Kottayam
Wednesday, May 15, 2024

ജനങ്ങൾക്ക് സംരക്ഷണംനൽകാൻ കഴിയില്ലെങ്കിൽ വനംമന്ത്രി രാജിവെക്കണം; സര്‍ക്കാരിനെതിരെ താമരശ്ശേരി രൂപത ബിഷപ്പ്

Must read

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷകരോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാരിനുള്ളത്. ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. സര്‍ക്കാരിന് കൃത്യമായി സൂചന നല്‍കുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞവര്‍ഷങ്ങളില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ചു. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സര്‍ക്കാരിന് കര്‍ഷകരോട് നിഷേധാത്മക സമീപനമാണ്. ഇതില്‍ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ടെന്ന് താമരശ്ശേരി ബിഷപ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

‘പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. നാട്ടില്‍ പുലിയിറങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ സ്‌കൂളില്‍ പോകാന്‍ സാധിക്കും? കൃഷിയിടത്തിലേക്ക് എങ്ങനെ ധൈര്യമായി ഇറങ്ങാന്‍ സാധിക്കും? പുറമേനിന്ന് ആളുകള്‍ എങ്ങനെ ഈ പ്രദേശത്തേക്ക് വരും? എല്ലാം വലിയ ഭീതിയിലാവുകയല്ലേ? ആ മാനസികവ്യഥ എത്ര ശക്തമാണ്? എന്തുകൊണ്ടാണ് ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തത്? ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

‘സഭയെന്ന രീതിയിലല്ല ഇടപെടുന്നത്, സാമൂഹിക പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് സമീപിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്നാണ് സംസാരിക്കുന്നത്. ഞങ്ങളുടെ സംരക്ഷണത്തിന് സത്വരമായ നടപടിയെടുത്തേ മതിയാവൂ. വന്യമൃഗശല്യം വനംവകുപ്പിന്റെ വീഴ്ചയാണെന്നതില്‍ യാതൊരു സംശയവുമില്ല. വനംവകുപ്പാണ് സംരക്ഷണം നല്‍കേണ്ടത്. ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ സ്വയരക്ഷക്കുവേണ്ടി പ്രതിരോധം സ്വീകരിക്കാനുള്ള അവകാശമില്ലേ, കോടതിപോലും അത് അനുവദിച്ചുതരുന്നുണ്ട്. ഞങ്ങളുടെ പറമ്പിലേക്ക് കയറിവന്ന് മൃഗങ്ങള്‍ ആക്രമിക്കുമ്പോള്‍ സ്വയംസംരക്ഷിക്കാനുള്ള അവകാശം മാത്രം തന്നാല്‍ മതി. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അറസ്റ്റുചെയ്യാന്‍ വരാതിരുന്നാല്‍ മതി. അതാണ് വനംവകുപ്പിന് ഞങ്ങള്‍ക്കുവേണ്ടി ചെയ്തുതരാന്‍ കഴിയുന്ന നടപടി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനംമന്ത്രി രാജിവെക്കണമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു കാര്യംചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരക്കാര്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു. വയനാട് എംപി കൂടുതൽ ഇടപെടണം. കേന്ദ്ര സര്‍ക്കാരാണ് പരിഹാരം കാണേണ്ടത്. കേന്ദ്ര വന നിയമം തിരുത്താൻ സർക്കാർ തയാറാകുന്നില്ലെന്നും എളമരം കരീം ആരോപിച്ചു. കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ വൈകിയത് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു.

എബ്രഹാമിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന് നടപടി എടുക്കാമെന്ന് കേന്ദ്രം അറിയിച്ചതാണ്. ആവശ്യഘട്ടത്തിൽ വേണ്ട നടപടികള്‍ എടുക്കാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഇതിന് എന്ത് തടസമാണ് കേരളത്തിന് മുന്നിലുള്ളത്? കേന്ദ്ര നിമയം തടസമാണെന്ന് വനം മന്ത്രി പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും എംടി രമേശ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week