ന്യൂഡൽഹി: ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട യുവാവിന് നല്ല മുട്ടൻ പണി നൽകി പെൺകുട്ടി. പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ബിൽ കണ്ടാണ് യുവാവിൻ്റെ കണ്ണ് തള്ളിയത്. പിന്നീട് നടന്നത് സിനിമയെ വെല്ലും സംഭവവികാസങ്ങളാണ്. പെൺകുട്ടിയും കട ഉടമകളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായി. തട്ടിപ്പും ക്രിമിനൽ നടപടിയും കണക്കിലെടുത്ത് യുവതിക്കും കട ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ജൂൺ 23ന് വർഷ തൻ്റെ പിറന്നാൾ ആഘോഷത്തിന് യുവാവിനെ ഡൽഹിയിലുള്ള ബ്ലാക്ക് മിറർ കഫേയിലേക്ക് ക്ഷണിച്ചു. ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും ഇതിന് മുൻപ് കണ്ടിട്ടില്ല. കഫേയിലെത്തിയ യുവാവും പെൺകുട്ടിയും കേക്കും പഴങ്ങളും അടക്കം ഭക്ഷണങ്ങൾ ഓർഡർ ചെയ്ത് കഴിഞ്ഞു. പെട്ടെന്ന് തന്നെ അത്യാവശ്യമായി വീട്ടിൽ പോകണമെന്നും താൻ പോകുന്നു എന്ന് പറഞ്ഞ് യുവതി പോയി. യുവതി പോയ ശേഷം കഫേ ജീവനക്കാർ യുവാവിന് ബിൽ നൽകി. ഇത് കണ്ടാണ് യുവാവ് ശരിക്കും ഞെട്ടിയത്.
ബിൽ ₹ 1,21,917.70 ലക്ഷം രൂപ. യുവാവ് ബിൽ അടക്കാൻ വിസമ്മതിച്ചപ്പോൾ ഭീക്ഷണിപ്പെടുത്തിയും കൈയേറ്റം ചെയ്തും ബിൽ അടപ്പിക്കുകയായിരുന്നു. പിന്നീടാണ് യുവാവിന് ചതി മനസ്സിലായത്. പെൺകുട്ടിയും കഫേ ഉടമകളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് മനസ്സിലായതോടെ യുവാവ് പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ പണം കഫേ മാനേജർ പാഹ്വയുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ളതായി കണ്ടെത്തി. പണത്തിൻ്റെ 15% പെൺകുട്ടിക്കും 45% മാനേജർക്കും 40% ഉടമകളും പങ്കിട്ടെടുക്കാനാണ് തീരുമാനിച്ചിരുന്നത്. സമാനമായി നിരവധി തട്ടിപ്പുകൾ ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ സ്ഥിരമാണെന്ന് പൊലീസ് സംഘം പറഞ്ഞു.