KeralaNews

പക്ഷിപ്പനി: ആലപ്പുഴയിൽ വിശദമായ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു

ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ ചത്തുവീണത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിൽ ആശങ്ക ഉയരുന്നു. കാക്കകളിലും രോഗബാധ ഉറപ്പിച്ചതോടെ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. മുഹമ്മ പഞ്ചായത്തിലെ 9ാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചശേഷമാണ് കാക്കകൾ അസ്വാഭാവികമായി ചത്ത് വീഴുന്നത് ശ്രദ്ധയിൽപെട്ടത്.

ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലെ സാംപിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ കോഴികൾ ചത്തതും പക്ഷിപ്പനി ബാധിച്ചാണെന്ന പരിശോധന ഫലവും ലഭിച്ചു.

ഏപ്രിൽ മാസത്തിൽ കുട്ടനാട്ടിലെ എടത്വയിലും ചെറുതന പഞ്ചായത്തിലുമാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലുണ്ടായ രോഗബാധ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും പക്ഷിപ്പനി ഉണ്ടായിരുന്നു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രം, കോട്ടയം മണർകാട്ടെ കോഴി വളർത്തൽ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മാത്രം 73,662 വളർത്ത് പക്ഷികളെയാണ് കൊന്നൊടുക്കിയത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തിലധികം പക്ഷികളെ കൊന്നു കഴിഞ്ഞു.

കുട്ടനാട്ടിൽ താറാവുകളിലാണ് രോഗം കണ്ടെത്തിയതെങ്കിൽ ചേർത്തല താലൂക്കിലും കോട്ടയത്തും കോഴികളിലും വളർത്തു പക്ഷികൾക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്. മനുഷ്യനിലും കന്നുകാലികളിലും വളർത്തുമൃഗങ്ങളിലും ഇതുവരെ വൈറസ് കണ്ടെത്തിയിട്ടില്ലെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്ര സംഘം രോഗബാധിത മേഖലകൾ സന്ദർശിച്ചിരുന്നു.

പക്ഷിപ്പനി ബാധ കൂടുതൽ സ്ഥലങ്ങളിൽ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. വെറ്ററിനറി സർവകലാശാല, സംസ്ഥാന മൃഗരോഗ പരിശോധന കേന്ദ്രം, തിരുവല്ലയിലെ പക്ഷിപ്പനി പരിശോധന ലാബ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുളളത്. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button