ലൈംഗിക ചൂഷണപരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കും; കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡി.എന്‍.എ പരിശോധന നടത്താനും ആലോചന
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്‍കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. കൂടാതെ ചോദ്യം ചെയ്യലിന്റെ ഭാഗമായി ബിനോയിയെ മുംബൈയിലേയ്ക്ക് വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെടുന്നു. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ യുവതിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചത്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധന നടത്താനും ആലോചനയുണ്ട്.
അതേസമയം ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതോരു ഉത്തരവാദിത്വവുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.