ബെംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി. ബെംഗളുരു സിറ്റി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഹർജി.
ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒരു വര്‍ഷത്തിനടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷമാണ് ബിനീഷിന് 2021 ഒക്‌ടോബറില്‍ കോടതി ജാമ്യം അനുവദിച്ചത്. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതാണു കേസിന്റെ തുടക്കം.
അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയര്‍ന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റര്‍ ചെയ്തു.
അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കിയെങ്കിലും അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തു. അതിനിടെ, ചില ലഹരി പാര്‍ട്ടികളില്‍ അനൂപിനൊപ്പം ബിനീഷും പങ്കെടുത്തിട്ടുണ്ടെന്നു സാക്ഷികള്‍ മൊഴി നല്‍കി. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു.
കാര്‍ഡിനു പിന്നില്‍ ബിനീഷിന്റെ ഒപ്പായിരുന്നെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്, ബീക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമാണ് ഇഡിയുടെ വാദം.