തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനിച്ചതിൽ പാർട്ടിയിൽ ഭിന്നത. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമായതിനാൽ പരസ്യമായി രംഗത്തുവരുന്നില്ലെങ്കിലും നിയമസഭയിലെ വിവാദ ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഗവർണറും സർക്കാരും തമ്മിൽ പോരടിക്കുമ്പോൾ സർക്കാരിനെ എതിർക്കുന്നതിനു പകരം അനുകൂലിക്കുന്നതുകൊണ്ട് എന്തു ഗുണമാണ് പ്രതിപക്ഷത്തിനുണ്ടാകുകയെന്നാണ് നിലപാടിനെ എതിർക്കുന്നവരുടെ ചോദ്യം.
ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപമായിരുന്നു ഇതുവരെ കോൺഗ്രസ് ഉയർത്തിയിരുന്നത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനോട് യോജിച്ചിരുന്നില്ല.ഗവർണറോടുള്ള നിലപാടിൽ കോൺഗ്രസിൽ ഉയരുന്ന വാദങ്ങൾ ഇങ്ങനെ-
അനുകൂലം
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായാണ് ഗവർണർ നിലപാടുകൾ സ്വീകരിക്കുന്നത്.
ഗവർണർ ജനാധിപത്യസർക്കാരിന്റെ അധികാരത്തിലേക്ക് കടന്നുകയറുമ്പോൾ സർക്കാരിനോടുള്ള രാഷ്ട്രീയമായ എതിർപ്പല്ല നോക്കേണ്ടത്. നാളെ തിരിച്ചടിയാകുന്ന നിലപാട് ഇന്ന് എടുക്കരുത്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നത് ശരിയല്ല.
പ്രതികൂലം
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന തീരുമാനം ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടില്ല.
ഗവർണർ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന വിമർശനമുണ്ടെങ്കിലും ഇതുവരെ അത്തരം നടപടികൾ സർവകലാശാലാ കാര്യങ്ങളിൽ ഉണ്ടായിട്ടില്ല.
ഏതെങ്കിലുമൊരു ഗവർണറുമായി ഏറ്റുമുട്ടലുണ്ടായി എന്നുകരുതി നിയമം ഭേദഗതിചെയ്ത് ഗവർണറെ ഒഴിവാക്കുന്നത് ശരിയല്ല.
നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഒപ്പിടരുതെന്ന് പ്രതിപക്ഷംതന്നെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.