ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാകാത്ത ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫയല്‍ കോടതിക്ക് കൈമാറാന്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്‌നയും അടങ്ങിയ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം ഫയല്‍ കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയിനയിലാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതിലും രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാരുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ശിക്ഷ ഇളവ് നല്‍കുന്നതെന്ന് അറിയാനാണ് ഫയലുകള്‍ കാണണമെന്ന് പറയുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫയലുകള്‍ ഹാജരാക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉത്തരവിനെതിരെ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരത്തെ പരോള്‍ അനുവദിച്ചതിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിയെ കൊന്ന പ്രതിക്ക് പരോള്‍ അനുവദിക്കുന്നതും കൂട്ടബലാത്സംഗക്കേ
സിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ന് ബില്‍ക്കിസ് ബാനുവിന് എതിരെയാണ് ആക്രമണം ഉണ്ടായത്. നാളെ ആര്‍ക്കെതിരെയും ഇത് ഉണ്ടാകാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ ഇളവിന് എതിരെ ബില്‍ക്കിസ് ബാനു ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി.