തിരുവനന്തപുരം: ബൈക്കപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൽകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കിൽ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയിൽ റോഡിൽ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
ആലപ്പുഴയിൽ കെ എസ് ആർ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി.
വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്.