27.8 C
Kottayam
Friday, May 24, 2024

ബീഹാറില്‍ ഉഷ്ണതരംഗം; 46 മരണം,നൂറിലധികം പേര്‍ ആശുപത്രിയില്‍

Must read

പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 മരണം. നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെയാണ് 46 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവര്‍ ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്. ഗയ, പാറ്റ്ന എന്നിവിടങ്ങളില്‍ ശനിയാഴ്ച 45 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് രേഖപ്പെടുത്തിയത്.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഔറംഗാബാദില്‍ 27 പേര്‍ മരിച്ചതായി സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറയുന്നു. നവാഡയില്‍ അഞ്ചുപേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗയ, നവാഡ ജില്ലകളില്‍ അറുപതോളം പേര്‍ ചികിത്സയിലുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പകല്‍സമയത്ത് സൂക്ഷിക്കണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, ഉഷ്ണതരംഗത്തിനു പുറമേ ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. നൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ചൂട് കൂടുന്നതാണ് അസുഖമുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week