പാറ്റ്‌ന : 24 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിന് ശേഷവും ബിഹാര്‍ രാഷ്ട്രീയത്തിലെ ആകാംഷ
അവസാനിക്കുന്നില്ല. 500ല്‍ കുറഞ്ഞ വോട്ടിന് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ സാഹചര്യത്തില്‍ കേസ് സുപ്രീം കോടതിയിലേക്ക് നീളുകയാണ്. ഇന്ന് തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം.
അതേ സമയം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ ഡി എ ഇന്ന് തന്നെ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലേക്കും കടക്കും. നിതീഷ് ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പാറ്റ്‌ന ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കുമെന്നാണ് ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.നേരത്തെ, തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡലങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് ആര്‍ജെഡി അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
12 സീറ്റുകളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആര്‍ ജെ ഡി ആരോപിക്കുന്നു. വിജയിച്ച ശേഷം സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്താണ് തങ്ങള്‍ പരാജയപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചത് ക്രമക്കേടിന്റെ തെളിവാണെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം.